കൊച്ചി: മഹാരാജാസ് കോളജ് പ്രിൻസിപ്പാൾ ഡോ.വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പാളിനെ സ്ഥലം മാറ്റിയത്.
കോളജിൽ ഒരു വിദ്യാർഥിക്കു കുത്തേൽക്കുകയും വിദ്യാർഥികൾക്കും ഒരു അധ്യാപകനും നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ക്യാംപസിലുണ്ടായ സംഘർഷത്തിനിടെ മഹാരാജാസ് കോളജ് എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൽ നാസറിനാണു (21) വെട്ടേറ്റത്. സംഭവത്തിൽ കെഎസ്‍യു പ്രവർത്തകൻ ഇന്ന് അറസ്റ്റിലായിരുന്നു.