Share this Article
അധ്യാപികയുമായി രണ്ടുവർഷത്തെ അടുപ്പം, കുന്നിൻമുകളിൽ പിറന്നാൾ ആഘോഷം; സുഹൃത്ത് കൊന്നുകുഴിച്ചിട്ടു
വെബ് ടീം
posted on 25-01-2024
1 min read
mandya-melukote-teacher-murder-case

മൈസൂരു:ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടനിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ  യുവാവ് അറസ്റ്റില്‍. അധ്യാപികയുടെ നാട്ടുകാരനും സുഹൃത്തുമായ നിതീഷി(22)നെയാണ് ബുധനാഴ്ച ഹോസ്‌പേട്ടില്‍നിന്ന് പോലീസ് പിടികൂടിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പ്രതിയും അധ്യാപികയും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.കർണാടക മാണ്ഡ്യ മേലുകോട്ടെയിലാണ് നടുക്കുന്ന സംഭവം.

സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ദീപിക വി. ഗൗഡ(28)യെ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച മുതല്‍ കാണാതായിരുന്നു. മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം.

സംഭവ ദിവസം രാവിലെ സ്‌കൂളിലേക്ക് പോയ ദീപിക വൈകിട്ടും വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. ശനിയാഴ്ച രാവിലെ 9 മണിക്ക് സ്‌കൂളിലേക്ക് പോയ ദീപിക, ഉച്ചയ്ക്ക് 12 മണിയോടെ സ്‌കൂളില്‍നിന്ന് മടങ്ങിയെന്നായിരുന്നു വിവരം. എന്നാല്‍, ഇതിനുശേഷം യുവതി എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മേലുകോട്ടെ കുന്നിന് സമീപം അധ്യാപികയുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ച് ഇത് ദീപികയുടെ വാഹനമാണെന്ന് ഉറപ്പിച്ചു. പിന്നാലെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ഒരു വിനോദസഞ്ചാരി പകര്‍ത്തിയ വീഡിയോക്ലിപ്പ് പോലീസിന് കിട്ടിയിരുന്നു. സ്‌കൂട്ടര്‍ കണ്ടെത്തിയ സ്ഥലത്തുവെച്ച് ഒരുയുവതിയും യുവാവും വഴക്കിടുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് സമീപത്തെ ഒരിടത്ത് മണ്ണിളകിയനിലയില്‍ കണ്ടത്. ഇവിടെനിന്ന് ദുര്‍ഗന്ധം വമിച്ചതും സംശയത്തിനിടയാക്കി. തുടര്‍ന്ന് ഇവിടെ മണ്ണുനീക്കി പരിശോധിച്ചതോടെയാണ് അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories