നെടുമങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 24 രൂപയ്ക്ക് സപ്ലെെകോ വഴി വിതരണംചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.റേഷൻ കട വഴി ഈ അരിയാണ് നീല കാർഡുകാർക്ക് 4രൂപയ്ക്കും വെള്ള കാർഡുകാർക്ക് 10 രൂപ 90പൈസയ്ക്കും നൽകുന്നത്.
നെടുമങ്ങാട് പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസിൻ്റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വാതിൽ അടച്ചതിന് ശേഷമാണ് കേന്ദ്രം നിലവിൽ 29 രൂപയ്ക്ക് അരി നൽകുന്നത്. ഇത്തരത്തിലാണോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ഫെഡറല്‍ സംവിധാനത്തില്‍ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
കേരളത്തില്‍ 14,250 കേന്ദ്രങ്ങളില്‍ റേഷന്‍ കടകളുണ്ട്. ഈ രീതിയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് തൃശ്ശൂരിനെ ഇങ്ങ് എടുക്കാന്‍വേണ്ടി അരി വിതരണം നടത്തുന്നത്. സര്‍ക്കാരിന് കേന്ദ്രം നല്‍കാനുള്ള തുക നല്‍കുന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ കണ്ണഞ്ചിപ്പിക്കുന്ന വികസന ക്ഷേമ പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.