കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും.ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളാണ് ട്വന്റി- 20 സ്ഥാനാര്‍ഥി. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡി മത്സരിക്കും. കിഴക്കമ്പലത്ത് നടന്ന ട്വന്റി- 20 മഹാസംഗമത്തിലായിരുന്നു പ്രഖ്യാപനം.
ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുകയല്ലാതെ കഴിഞ്ഞ പത്തുവര്‍ഷമായി എല്‍.ഡി.എഫ്, യു.ഡി.എഫ്. എം.പിമാര്‍ ചാലക്കുടി മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. എം.പിമാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ട്വന്റി- 20ക്ക് രണ്ട് എം.പിമാരെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ബിജെപി സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹം നിഷേധിച്ച് സാബു എം ജേക്കബ്. ബിജെപിക്കാരന്‍ സീറ്റ് ഓഫര്‍ ചെയ്താല്‍ അത് കണ്ട് ചാടുന്നവന്‍ അല്ല താന്‍. സുരേന്ദ്രനെ ജീവിതത്തില്‍ ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടെയോ സിപിഐഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ സീറ്റ് കിട്ടാന്‍ ഒരു പ്രയാസവുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതിന് ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.