Share this Article
CAA ഭരണഘടനാ വിരുദ്ധം, ഇന്ത്യയെന്ന ആശയത്തിന് വെല്ലുവിളി, ,കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
വെബ് ടീം
posted on 14-03-2024
1 min read
cm press meet on CAA

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത്  നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം  ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധവും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി. സംഘ്പരിവാറിന്‍റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തിനായി 13 BJP ഇതര മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു .

വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘ്പരിവാറിന്‍റെ ഹീന നടപടിയാണിത്. ഈ നടപടി രാജ്യാന്തര തലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യ എന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്.

മുസ് ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതര പൗരന്മാരായി കാണുന്നു. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘ്പരിവാർ തലച്ചോറിൽ നിന്നാണ് വിഷലിപ്തമായ നിയമം ജന്മം കൊണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാർ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തിൽ വന്നത് 2003ൽ വാജ്‌പേയ്  സർക്കാറിന്‍റെ കാലത്താണ്. ആരാണ് അനധികൃത കുടിയേറ്റക്കാർ എന്ന് നിർവചിക്കപ്പെട്ടത് മതാടിസ്ഥാനത്തിൽ ആയിരുന്നില്ല. 2019ലെ ഭേദഗതിയാണ് പൗരത്വത്തെ നിർവചിക്കാനുള്ള അടിസ്ഥാനമാക്കി മതത്തെ മാറ്റിയത്. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കൽപം ഭരണഘടനയിലുള്ളതല്ലെന്നും പിണറായി വ്യക്തമാക്കി.

സി.എ.എ, എൻ.പി.ആർ എന്നിവ കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ മാറ്റമില്ല. സി.എ.എ റദ്ദാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള നിയമസഭയാണ്. യോജിച്ച പ്രക്ഷോഭങ്ങൾക്ക് ആദ്യം തയാറായ പ്രതിപക്ഷം പിന്നീട് ചുവടുമാറ്റി പിന്മാറിയെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories