കൊച്ചി: സി.പി.ഐ.എം. നേതാവ് പി. ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ എട്ടുപ്രതികളെ ഹൈക്കോടതി വെറുതേവിട്ടു. രണ്ടാംപ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി. ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ഒന്‍പത് പേരായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ ആറുപേരെ 2007-ല്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. വിചാരണ കോടതി വിധിക്കെതിരേ ശിക്ഷിക്കപ്പെട്ട പ്രതികളും മൂന്നുപേരെ വെറുതേവിട്ടതിനെതിരേ സര്‍ക്കാരും പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലുകളിലാണ് ജസ്റ്റിസ് സോമരാജ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്.
കേസില്‍ പ്രോസിക്യൂഷന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി പറഞ്ഞിരുന്നു. ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റുതെളിവുകളില്ലാത്തതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.രണ്ടാംപ്രതി പ്രശാന്തിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും നേരത്തെ ഇയാള്‍ക്കെതിരേ ചുമത്തിയിരുന്ന പലവകുപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. പ്രശാന്തിനെതിരേ കീഴ്‌ക്കോടതി വിധിച്ച ഐപിസി 452, 436, 326, 307 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ഹൈക്കോടതി ശരിവെച്ചു.
അതേസമയം, ഐപിസി 143, 147 , 148 പ്രകാരമുള്ള കുറ്റങ്ങളാണ് ഒഴിവാക്കിയത്. ജയരാജനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധമുള്‍പ്പെടെയുള്ള തെളിവുകളുടെയും രക്ത സാമ്പിളുകളുടേയും അടിസ്ഥാനത്തിലാണ് പ്രശാന്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
തിരുവോണനാളില്‍ നടന്ന ആക്രമണത്തില്‍ പി.ജയരാജന്റെ കൈ വെട്ടിമാറ്റിയിരുന്നു. നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സാധാരണജീവിതത്തിലേക്ക് തിരികെയെത്തിയത്.