മാധ്യമവ്യവസായ ഭീമൻ റുപെർട്ട് മർഡോക്ക് 92-ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. ആറാം തവണയാണ് റുപെർട്ടിന്റെ വിവാഹനിശ്ചയം കഴിയുന്നത്. മോളിക്യൂലാർ ബയോളജിസ്റ്റാണ് എലീന. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഇവരുവരും പ്രണയബന്ധത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ കാമുകിയായിരുന്ന അറുപത്തിയാറുകാരി ആൻ ഡെസ്ലി സ്മിതുമായി മർഡോക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ഒരുമാസം പിന്നിടും മുൻപ് തന്നെ ഇരുവരും വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന വാർത്തകൾ പുറത്തുവന്നു. കാമുകിയുടെ തീവ്രമായുള്ള മതപരമായ കാഴ്ചപ്പാടുകളാണ് ആ വിവാഹനിശ്ചയത്തിൽനിന്ന് റൂപർട്ട് പിന്മാറാൻ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.മർഡോക്കിൻ്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടവും എസ്റ്റേറ്റുമായ മൊറാഗയിൽ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ക്ഷണങ്ങൾ ഇതിനകം തന്നെ അതിഥികൾക്ക് വിതരണം ചെയ്തതായി മർഡോക്കിൻ്റെ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡെങ് വഴിയാണ് റുപെർട്ടും എലീനയും പരിചയപ്പെട്ടുന്നത്. 14 വർഷത്തെ വിവാഹ ബന്ധത്തിനുശേഷം 2013ലാണ് മർഡോക്കും വെന്‍ഡി ഡെങ്ങും വേർപിരിയുന്നത്. ലോസ് ആഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലുള്ള മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലായിരുന്നു എലീന ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്, ഡാഷ സുക്കോവ. റഷ്യൻ - അമേരിക്കൻ വംശജയായ ഡാഷ ആര്‍ട്ട് കളക്ടറാണ്.
എയർഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ. 1966 ലാണ് ഇരുവരും വേർപിരിയുന്നത്. ഈ ബന്ധത്തിൽ മർഡോക്കിന് ഒരു മകളുണ്ട്. ശേഷം സ്കോട്ടിഷ് പത്രപ്രവർത്തക അന്ന മാനെ വിവാഹം ചെയ്യുകയായിരുന്നു. 1999ൽ തന്നെ ഇരുവരും വിവാഹമോചനം നേടി പിരിഞ്ഞു. ഇതിൽ മൂന്ന് മക്കളാണ് മർഡോക്കിനുള്ളത്. മൂന്നാം ഭാര്യ വെൻഡി ഡാങ്ങുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. 2022 ലാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മർഡോക്ക് വേർപിരിഞ്ഞത്.ഫോക്സ് ന്യൂസ് ചാനലും വാൾസ്ട്രീറ്റ് ജേർണലുമുൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോർപറേഷന്റെ മുൻ ചെയർമാനായിരുന്നു മർഡോക്. അഞ്ച് മാസം മുൻപാണ് ഫോക്‌സ് ന്യൂസ് സ്ഥാപകനായ റുപെർട്ട് മർഡോക്ക് ഫോക്‌സിന്റെ മാതൃ കമ്പനിയുടെയും ന്യൂസ് കോർപ്പറേഷൻ മീഡിയ ഹോൾഡിംഗുകളുടെയും തലവൻ സ്ഥാനമൊഴിയുകാണെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെയാണ് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതായി പ്രഖ്യാപിക്കുന്നത്.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ഏകദേശം 1890 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് റുപെർട്ട് മർഡോക്കിനുള്ളത്.