കര്‍ണാടക ചാമരാജനഗര സ്വദേശിയായ പരശിവമൂര്‍ത്തി(32)യുടെ മരണത്തിൽ ഭാര്യ മമതയ്‌ക്കെതിരേയുള്ള കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. യുവാവിന്റെ തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂര്‍ത്തിയെ ഭാര്യ മമത നിരന്തരം അവഹേളിച്ചിരുന്നതായും വ്യാജ സ്ത്രീധനപീഡനക്കേസില്‍ കുടുക്കി ജയിലിലടച്ചതായും പരാതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേകാര്യങ്ങൾ വിശദീകരിച്ച് പരശിവമൂര്‍ത്തി ആത്മഹത്യാക്കുറിപ്പെഴുതിയിരുന്നതായും പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ട്.രണ്ടുവര്‍ഷം മുമ്പാണ് പരശിവമൂര്‍ത്തിയും മമതയും വിവാഹിതരായത്.
ലോറി ഡ്രൈവറായിരുന്നു പരശിവമൂര്‍ത്തി. പരശിവമൂര്‍ത്തിയുടെ തലയിലെ മുടി കൊഴിയുന്നതിന്റെ പേരില്‍ ഭാര്യ മമത നിരന്തരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയുംചെയ്തു. ഒരുമിച്ച് പുറത്തുപോകുന്നത് തനിക്ക് നാണക്കേടാണെന്നും പരശിവമൂര്‍ത്തി തനിക്ക് ചേര്‍ന്ന ഭര്‍ത്താവല്ലെന്നുമാണ് യുവതി പറഞ്ഞിരുന്നത്. മറ്റുള്ളവരുടെ മുന്നില്‍വെച്ചും ഇതേകാര്യങ്ങള്‍ പറഞ്ഞ് യുവതി ഭര്‍ത്താവിനെ പരിഹസിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു മമത ആഡംബരജീവിതമാണ് ആഗ്രഹിച്ചിരുന്നതെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവതി ഇന്‍സ്റ്റഗ്രാമില്‍ റീലുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു.
വിവാഹം കഴിഞ്ഞിട്ടും താലി ധരിക്കാതെയാണ് സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇതിനുപുറമേ വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായും പുതിയ വീട് പണിയാന്‍ നിര്‍ബന്ധിച്ചിരുന്നതായും പരാതിയിലുണ്ട്.മമതയുടെ നിരന്തരമായ മാനസികപീഡനം കാരണമാണ് പരശിവമൂര്‍ത്തി ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിനിടെ വ്യാജ സ്ത്രീധനപീഡനക്കേസില്‍ കുടുക്കി മമത ഭര്‍ത്താവിനെ ജയിലിലടയ്ക്കുകയുംചെയ്തു. ഒന്നരമാസത്തോളമാണ് ഈ കേസില്‍ പരശിവമൂര്‍ത്തി ജയില്‍വാസം അനുഭവിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുവാവിന്റെ മരണത്തില്‍ ചാമരാജനഗര റൂറല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.