സി.പി.എമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്. സിപിഎം അത്രയും വലിയ പ്രതിരോധത്തിൽ നിൽക്കുമ്പോൾ സംഘടിപ്പിക്കുന്ന ജാഥയ്ക്ക് ശരിയായ പേരാണ് നൽകിയിട്ടുള്ളതെന്ന് വി.ഡി.സതീശന്റെ പരിഹാസം. നാട്ടിൽ നടക്കുന്ന എല്ലാ സാമൂഹ്യ വിപത്തുകളുടെയും പിന്നിൽ സിപിഎമ്മുകാരുണ്ട്. ജീർണ്ണതയിൽ നിന്നാണ് സിപിഎമ്മിന്റെ ജാഥ ആരംഭിക്കുന്നത്. ആകാശ് തില്ലങ്കേരിയെ വിഷമിപ്പിക്കരുതെന്നാണ് സി.പി.എമ്മിന്റെ പുതിയ തീരുമാനം. ആകാശിന് വിഷമിപ്പിച്ചാൽ ഏതൊക്കെ നേതാക്കളുടെ പേര് കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്ന് വിളിച്ചുപറയും. സ്വപ്ന സുരേഷിനെയും ആകാശ് തില്ലങ്കേരിയെയും ഭയക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന കുട്ടികളെ കുറിച്ചോർത്ത് അഭിമാനമുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ സാധിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും കരുതൽ തടങ്കലിനെതിരെയും പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
ജനകീയ സമരം നടത്തുന്നവരെ ആത്മഹത്യാ സ്ക്വാഡ് എന്നാണ് സി.പി.എം സെക്രട്ടറി വിശേഷിപ്പിച്ചത്. സത്യാഗ്രഹ സമരം നടത്താൻ അറിയുന്നവർ മാത്രമാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോൾ പൊലീസുകാർക്കിടയിലേക്ക് ഓടിയൊളിക്കുകയാണ്. ജനകീയ സമരങ്ങൾ ഉണ്ടാകുമ്പോൾ ഏകാധിപതികൾക്കുണ്ടാകുന്ന അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയിൽ കാണുന്നതെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷം സമരം ശക്തിപ്പെടുത്തും. എന്തിനാണ് കറുപ്പിനോട് ഇത്ര വെറുപ്പ്. സിപിഎം മുൻ എം.എൽ.എ മരിച്ച സ്ഥലത്ത് ആദരസൂചകമായി വെച്ച കരിങ്കൊടി പോലും അഴിപ്പിക്കുകയാണ്. പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾ കറുപ്പിൽ മായ്ച്ചു കളയാനാണ് ശ്രമമെന്നും വി.ഡി.സതീശൻ പറഞ്ഞു.