തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ നടത്തും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.
പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി.മരണകാരണമാകാവുന്ന മുറിവുകള്‍ ശരീരത്തില്‍ ഇല്ല. അതേസമയം, വിഷം ഉള്ളില്‍ ചെന്നോയെന്ന് അറിയാന്‍ ആന്തരികവയവങ്ങളുടെ രാസപരിശോധനാഫലം വരണം. ശ്വാസതടസമുണ്ടായിട്ടുണ്ടോയെന്ന് അറിയാനുള്ള വിശദ പരിശോധന നടത്തുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ലാബ് ഫലം വന്ന ശേഷം മരണകാരണം തീരുമാനിക്കാമെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
അതേസമയം വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോള്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.
തന്‍റെ അച്ഛന്‍റേത് മഹാസമാധിയെന്ന് അവകാശപ്പെട്ട് ഗോപന്‍ സ്വാമിയുടെ മകന്‍ രംഗത്ത്. പൊലീസാണ് തിടുക്കം കാട്ടിയതെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബത്തിന്‍റെ അഭിഭാഷകനും പറഞ്ഞു.