കൊച്ചി: എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. സിപിഐഎം കൗണ്‍സിലര്‍ കല രാജു യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തതോടെ ചെയര്‍പേഴ്‌സന്റെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്ന ആരോപണം ഉയര്‍ന്നു. അതിനിടെ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്ന കലാ രാജു തിരിച്ചെത്തി.
നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കെത്തിയ സിപിഐഎം അംഗത്തെ പാര്‍ട്ടി നേതാക്കള്‍ തന്നെ കടത്തിക്കൊണ്ടു പോയി എന്നതായിരുന്നു പരാതി.
തങ്ങൾ 13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാർട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് സിപിഐഎം വിശദീകരണം.
പൊലീസ് നോക്കിനിൽക്കെ സിപിഐഎം കൗൺസിലർമാർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പിന്നീട് ആരോപണവുമായി കലാ രാജുവിൻ്റെ മക്കളും രംഗത്ത് വന്നിരുന്നു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്. പാർട്ടി ഓഫീസിൽ നിന്ന് വൈകിട്ട് ഇറങ്ങിയ കലാ രാജു ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്കൊപ്പം മറ്റ് സിപിഐഎം കൗൺസിലർമാരും ചികിത്സ തേടിയിട്ടുണ്ട്.