Share this Article
Union Budget
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: രണ്ടാം പ്രതി അനുശാന്തി പുറത്തിറങ്ങി
വെബ് ടീം
posted on 20-01-2025
1 min read
ANUSHANTHI

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തി ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.കാഴ്ചയ്ക്ക് തകരാറുണ്ടെന്നും അതിനാല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അനുശാന്തിയുടെ ആവശ്യം. 

നേരത്തെ കണ്ണിന്റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ടുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു. 

2014ലായിരുന്നു കേരളത്തെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന, നാലുവയസ്സുള്ള മകള്‍ സ്വാസ്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. അനുശാന്തിയുടെ കാമുകനും സഹപ്രവര്‍ത്തകനുമായ നിനോ മാത്യുവാണ് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുവരെയും കൊലപ്പെടുത്തിയത്. ഇതിന് ഒത്താശചെയ്തതും കൊലപാതകം ആസൂത്രണംചെയ്തതിലും അനുശാന്തിക്കും പങ്കുണ്ടായിരുന്നു.

കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ് വിധിച്ചത്. ഒന്നാംപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി പിന്നീട് ഇളവ് ചെയ്തു. പരോളില്ലാതെ 25 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ ഇളവ് ചെയ്തത്. എന്നാല്‍, അനുശാന്തിയുടെ ശിക്ഷ ഹൈക്കോടതി ശരിവെയ്ക്കുകയുംചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories