കേരളീയം പരിപാടിയുടെ ചെലവിനത്തിലേക്ക് 10 കോടി രൂപ വീണ്ടും അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ടൂറിസം വകുപ്പിന് ചെലവായ തുക എന്ന നിലയിലാണ് ധനവകുപ്പ് പണം അനുവദിച്ചത്. ഡിസംബര്‍ 23ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ട തുക ജനുവരി 23ന് അനുവദിക്കുകയായിരുന്നു. പണം അനുവദിക്കുന്നതിനായി ട്രഷറി നിയന്ത്രണത്തില്‍ സർക്കാർ ഇളവും വരുത്തിയിരുന്നു.
ടൂറിസം വികസനത്തിന്റെ ഭാഗമായി കേരളപ്പിറവിയോട് അനുബന്ധിച്ച് സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് നേരത്തെ 27 കോടി 12 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ 10 കോടി രൂപ കൂടി അനുവദിച്ചത്. പണം അനുവദിക്കുമ്പോൾ സർക്കാരിന് മുന്നിൽ പണമില്ലാ പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും തടസമായില്ല.
27 കോടിയിലധികം അനുവദിച്ചതില്‍ ഏറ്റവും അധികം തുക വകയിരുത്തിയത് പ്രദര്‍ശനത്തിനായിരുന്നു. 9.39 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 3 കോടി 98 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.
ലോക കേരളസഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേരളീയത്തിന്റെ പേരില്‍ പണം കണ്ടെത്തിയത് എവിടെ നിന്നൊക്കെയെന്ന് സര്‍ക്കാര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.