ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ നിശബ്ദ പ്രചാരണവുമായി പാര്‍ട്ടികള്‍. പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. 13,033 ബൂത്തുകളിലായി 1.55 കോടി വോട്ടര്‍മാരാണ് നാളെ പോളിങ് ബൂത്തില്‍ എത്തുന്നത്.
ഒരുമാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചതോടെ പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് ഡല്‍ഹിയില്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഡല്‍ഹിയില്‍ കേജ്രിവാള്‍- മോദി യുദ്ധമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതിന്റെ വീറും വാശിയും കൊട്ടിക്കലാശം വരെ ഉണ്ടായിരുന്നു.
കേജ്രിവാളിനെ ഡല്‍ഹി പോലീസ് വധിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം മുതല്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നുവെന്ന ആരോപണം വരെ നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പാണിത്. അരവിന്ദ് കേജ്രിവാളും അതിഷിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരായിരുന്നു ആം ആദ്മി ക്യാമ്പിലെ താരപ്രചാരകര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വരെ അണിനിരത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം വഹിച്ചത്. മദ്യ നയ അഴിമതി കേസും കെജ്രിവാളിന്റെ വസതിക്ക് കോടികള്‍ ചെലവാക്കിയതുമാണ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായത്. എന്നാല്‍ ക്ഷേമ പദ്ധതികളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാന്‍ കെജ്രിവാളിന് കഴിഞ്ഞു. തുടക്കത്തിലെ തിരിച്ചടി മറികടന്ന് അവസാന ദിവസങ്ങളില്‍ ശക്തമായ പ്രചാരണം നടത്താന്‍ ബിജെപിക്കായി.
12 ലക്ഷം വരെ വരുമാനം ഉളളവര്‍ ആദായ നികുതി നല്‍കേണ്ടതില്ലെന്ന ബജറ്റ് പ്രഖ്യാപനം അടക്കം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ കെജ്രിവാളിന്റെ പിന്തുണയ്ക്ക് വലിയ മാറ്റം ഇല്ലാത്ത സാഹചര്യത്തില്‍ ഇടത്തരക്കാരുടെ വോട്ട് ഒന്നിച്ച് ബിജെപിക്ക് മറിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ദില്ലിയിലെ ഫലം.