കൊച്ചി/തൃശൂർ: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. അഗത്തിയിൽ നിന്നു പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിലെത്തും.
കലക്ടർ വി.ആർ.കൃഷ്ണതേജയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കും.
ജില്ലാ ജനറൽ ആശുപത്രിക്കു സമീപമെത്തുന്ന പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ബിജെപി നേതാക്കൾ സ്വരാജ് റൗണ്ടിലേക്കു വരവേൽക്കും. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും.