തിരുവനന്തപുരം: വിതുരയില്‍ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയതിൽ നടുങ്ങി നാട്ടുകാർ. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വീട്ടില്‍ കണ്ടത്. സംഭവത്തില്‍ കാമുകന്‍ അച്ചു (24)വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിനുശേഷം ഒരു രാത്രി മുഴുവന്‍ അച്ചു മൃതദേഹത്തിനരികെ കിടന്നു.
തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സുനില വീട്ടില്‍ നിന്നും പുറപ്പെട്ടത്. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരമായിട്ടും യുവതി വീട്ടില്‍ മടങ്ങി വന്നില്ല. ഇതേത്തുടര്‍ന്ന് സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവും പൊലീസില്‍ പരാതി നൽകി.
തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ അച്ചു നെടുമങ്ങാട് പനയമുട്ടത്ത് നിന്ന് പാലോട് പൊലീസിന്റെ പിടിയിലായി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് സുനിലയെ കൊന്ന കാര്യം അച്ചു പൊലീസിനോട് പറഞ്ഞത്.
സുനിലയുമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചുവെന്നും തുടര്‍ന്ന് ആദ്യം സുനിലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പനയമുട്ടത്ത് പോയി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു പ്രതിയുടെ മൊഴി.
തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കല്ലന്‍കുടിയിലെ ആളൊഴിഞ്ഞ വീട്ടില്‍നിന്നു കണ്ടെത്തിയത്. സുനിലയ്ക്ക് മൂന്നു വയസ്സുള്ള മകനുണ്ട്. നെടുമങ്ങാട് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ വിതുര പൊലീസിന് കൈമാറി.
അതേ സമയം സുനിലയെ കൊലപ്പെടുത്തിയത് കഴുത്തില്‍ കയര്‍ കുരുക്കിയാണെന്ന് പ്രതി അച്ചു പോലീസിനോടു പറഞ്ഞു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിനരികെ കിടന്നു.