Share this Article
image
49 രൂപയുടെ സിഗരറ്റ് 80ന് വിറ്റു; 51 കേസുകള്‍; പിഴയായി ഈടാക്കിയത് 1,67,000 രൂപ
വെബ് ടീം
posted on 19-01-2024
1 min read
minister-suggested-taking-legal-action-against-the-company-that-cheated-on-the-price-of-cigarettes

തിരുവനന്തപുരം: സിഗരറ്റ് പായ്ക്കറ്റുകളില്‍ ഉയര്‍ന്ന എംആര്‍പി രേഖപ്പെടുത്തി കേരളത്തില്‍ വ്യാപകമായി വില്‍പ്പന നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ജിആര്‍ അനില്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍ പ്രകാരം ഒരിക്കല്‍ പ്രിന്റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വില്‍ക്കുവാനോ പാടില്ല. എന്നാല്‍ കാശ്മീര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നതിനായി നിര്‍മ്മിച്ച കുറഞ്ഞ എംആര്‍പിയില്‍ പായ്ക്ക് ചെയ്ത വില്‍സ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളില്‍ ആണ് ഇത്തരത്തില്‍ ഉയര്‍ന്ന എംആര്‍പി സ്റ്റിക്കര്‍ ഒട്ടിച്ച് കേരളത്തില്‍ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്. 

ജനുവരി 9ല്‍ സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി 49 രൂപ എംആര്‍പി ഉള്ളവയില്‍ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകള്‍ കണ്ടെടുത്തു. 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ഇത്തരത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ വില്‍സ് കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയുടെ അറിവോടെയല്ലെങ്കില്‍ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories