ചണ്ഡിഗഡ്: പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രണ്ടുവരി മാത്രമുള്ള രാജിക്കത്താണ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്. ‘‘വ്യക്തിപരമായ കാരണങ്ങളാല്‍ പഞ്ചാബ് ഗവർണർ, ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവികളിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു’’– രാഷ്ട്രപതിക്കുള്ള രാജിക്കത്തിൽ പുരോഹിത് കുറിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാൻ നയിക്കുന്ന സംസ്ഥാന സർക്കാരുമായി നിരന്തര കലഹത്തില്‍ ഏർപ്പെടുന്നതിനിടെയാണു ഗവർണർ രാജിവച്ചത്. ഭിന്നാഭിപ്രായമുള്ള നിരവധി ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മുൻപ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ബൻവാരിലാൽ പുരോഹിത് മൂന്നു തവണ നാഗ്പുരിൽനിന്നു മത്സരിച്ച് പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആദ്യ രണ്ടുതവണ കോൺഗ്രസിന്റെയും മൂന്നാം തവണ ബിജെപിയുടെ സ്ഥാനാർഥിയുമായിരുന്നു. പഞ്ചാബിന് മുൻപ് തമിഴ്നാട്, അസം സംസ്ഥാനങ്ങളിലും ഗവർണറായിരുന്നിട്ടുണ്ട്.