Share this Article
'ത്രികോണ പ്രണയവും ബ്ലാക്ക് മെയിലിങ്ങും'; മുന്‍ കാമുകന്റെ ഫോണില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍; ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വച്ച് കൊലപാതകം; അറസ്റ്റ്
വെബ് ടീം
posted on 06-02-2024
1 min read
businessman-murdered-in-guwahati-5-star-hotel-kolkata-couple-arrested

ഗുവഹാത്തി: പൂനെ സ്വദേശിയായ ബിസിനസുകാരനെ ഗുവഹാത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശികളായ കമിതാക്കള്‍ അറസ്റ്റില്‍. ത്രികോണ പ്രണയവും ബ്ലാക്ക് മെയിലിങുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

ബംഗാൾ സ്വദേശികളായ അഞ്ജലി ഷായും കാമുകന്‍ ബികാഷ് ഷായും ചേര്‍ന്ന് അഞ്ജലിയുടെ മുന്‍ പങ്കാളിയായ സന്ദീപ് കാംബ്ലിയെ കൊലപ്പെടുത്തിയത്. സന്ദീപിന്റെ ഫോണിലുണ്ടായിരുന്ന അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.കൊലനടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ മണിക്കൂറുകള്‍ക്കുള്ളിലാണ് അസം പൊലീസ് വലയിലാക്കിയത്. 

കൊല്‍ക്കത്ത വിമാനത്താവളത്തിലെ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അഞ്ജലി, കഴിഞ്ഞവര്‍ഷമാണ് പൂനെയില്‍നിന്നുള്ള കാര്‍ ഡീലറായ സന്ദീപിനെ വിമാനത്താവളത്തില്‍വച്ചു പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് അടുത്തു. എന്നാല്‍ ബികേഷുമായുള്ള അഞ്ജലിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. സന്ദീപുമായുള്ള ബന്ധം ബികേഷ് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. സന്ദീപിന്റെ കൈവശം തങ്ങള്‍ ഒരുമിച്ചുള്ള നിമിഷങ്ങളുടെ ചില സ്വകാര്യചിത്രങ്ങള്‍ ഉള്ള കാര്യവും ബികേഷിനോട് അഞ്ജലി പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സന്ദീപിനെ ഭീഷണിപ്പെടുത്തി ഫോണ്‍ തട്ടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് നേരില്‍ കാണണമെന്ന് സന്ദീപിനെ അഞ്ജലി അറിയിച്ചു. എന്നാല്‍ ഗുവാഹത്തിയിലേക്ക് വരാന്‍ സന്ദീപ് ആവശ്യപ്പെട്ടതനുസരിച്ച് ബികേഷിനെ കൂട്ടി അഞ്ജലി ഗുവാഹത്തിയിലേക്ക് പോയി. സന്ദീപും അഞ്ജലിയും ചേര്‍ന്ന് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു. സന്ദീപ് അറിയാതെ ഇതേ ഹോട്ടലില്‍ ബികേഷും മുറിയെടുത്തു.തിങ്കളാഴ്ച, സന്ദീപും അഞ്ജലിയുമുള്ള മുറിയിലേക്ക് ബികേഷ് വരുകയും ഇരുവരും ചേര്‍ന്ന് സന്ദീപിനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ചിത്രങ്ങളടങ്ങിയ ഫോണുമായി കടന്നുകളഞ്ഞു.

ഹോട്ടല്‍ ജീവനക്കാരാണ് സന്ദീപിനെ മരിച്ചനിലയില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ഹോട്ടല്‍ റജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ജലിയെയും ബികേഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി 9.15നുള്ള വിമാനത്തില്‍ കൊല്‍ക്കത്തയിലേക്കു പോകാനായിരുന്നു ഇരുവരുടെയും പദ്ധതി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories