Share this Article
നരസിംഹ റാവുവിനും സ്വാമിനാഥനും ചരണ്‍ സിങ്ങിനും ഭാരതരത്‌ന; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
വെബ് ടീം
posted on 09-02-2024
1 min read
former-pms-narasimha-rao-charan-singh-and-m-s-swaminathan-to-get-bharat-ratna

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിവി നരസിംഹ റാവു, മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കു ഭാരത രത്‌ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുക.

ഇന്ത്യയെ സാമ്പത്തികമായി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അടിത്തറയിട്ടതില്‍ അതു നിര്‍ണായകമായെന്ന് മോദി അഭിപ്രായപ്പെട്ടു.

കാര്‍ഷിക മേഖലയ്ക്കും കര്‍ഷകരുടെ ക്ഷേമത്തിനുമായി എംഎസ് സ്വാമിനാഥന്‍ ചെയ്ത സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് മോദി പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ കാലത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ അദ്ദേഹം വലിയ പങ്കുവഹിച്ചെന്ന് മോദി ചൂണ്ടിക്കാട്ടി.

കര്‍ഷകരുടെ ക്ഷേമത്തിനായാണ് ചൗധരി ചരണ്‍ സിങ് ജീവിതകാലം മുഴുവന്‍ ചെലവഴിച്ചതെന്ന് മോദി പറഞ്ഞു. അദ്ദേഹത്തെ ഭാരത രത്‌ന നല്‍കി ആദരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories