തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐഎം 15 സീറ്റിലും സിപിഐ നാല് സീറ്റിലും കോട്ടയത്ത് കേരള കോൺഗ്രസ് എമ്മും മത്സരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമെന്ന്അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വലിയ വിജയം എല്‍ഡിഎഫ് മുന്നണിക്ക് ഉണ്ടാകും. ഫെബ്രുവരി 14ന് ജില്ലകളില്‍ ഇടതുമുന്നണി യോഗം ചേരും. ഇതിന് പിന്നാലെ പാര്‍ലമെന്റ് അസംബ്ലിതല ഇടതുമുന്നണി യോഗങ്ങള്‍ ചേരും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കണം. ഇടതുപക്ഷം ശക്തിപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. താല്‍ക്കാലിക തിരിച്ചടി അതിജീവിച്ച് ഇടതുമുന്നണി മുന്നേറ്റം ഉണ്ടാക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.