Share this Article
3 ആര്‍ജെഡി എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം: വിശ്വാസ വോട്ടെടുപ്പിൽ നിതീഷ് കുമാറിന് വിജയം
വെബ് ടീം
posted on 12-02-2024
1 min read
bihar-floor-test-nitish-kumar-bjp-alliance-win-bihar-assembly

പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം നേടി. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി അവരുടെ മൂന്ന് എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു.

വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകള്‍ക്ക് പാസായി.

മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

തുടര്‍ന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ 129 എംഎല്‍എമാരുടെ പിന്തുണ നേടിയാണ് നിതീഷ് സര്‍ക്കാര്‍ ബിഹാര്‍ നിയമസഭയുടെ വിശ്വാസം നേടിയത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപോയി.

ആര്‍ജെഡി എംഎല്‍എമാരായ ചേതന്‍ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് നിയമസഭയിലെത്തി ഭരണപക്ഷത്തിനൊപ്പം ചേര്‍ന്നത്.

ഇന്ത്യ സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിനു പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ബിഹാറില്‍ വന്‍ നാടകീയതയാണ് അരങ്ങേറിയത്.

ജെഡിയുവിന്റെ ബിജെപിയുടെയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ആര്‍ജെഡി എംഎല്‍എമാരും ഇടതുപക്ഷ എംഎല്‍എമാരും മുന്‍ മുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലാണ് തമ്പടിച്ചത്. ദിവസങ്ങള്‍ക്ക് മുന്നേ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്നലെ രാത്രിയോടെ പട്നയിലേക്കെത്തിച്ചത്. ഞായറാഴ്ച രാത്രിയില്‍ തേജസ്വി യാദവിന്റെ വീടിന് മുന്നില്‍ നാടീകയത സൃഷ്ടിച്ച് വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചു. അഞ്ച് ജെഡിയു എംഎല്‍എമാരെ കാണാനില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു പോലീസ് സംഘം തേജസ്വിയുടെ വീട്ടിലേക്കെത്തിയത്. ആര്‍ജെഡി എംഎല്‍എ ചേതന്‍ ആനന്ദിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് തേജസ്വിയുടെ വീട്ടിലെത്തിയതെന്നായിരുന്നു പോലീസിന്റെ വിദശീകരണം. വിശ്വാസവോട്ടെടുപ്പിനായി ഇന്ന് നിയമസഭ ചേര്‍ന്നതോടെ ചേതന്‍ ആനന്ദ് മറ്റു രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍ക്കൊപ്പം ഭരണപക്ഷത്ത് ഇരിക്കുന്നതാണ് കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories