ചെന്നൈ: വിനോദയാത്രയ്ക്കിടെ ഞായറാഴ്ച കാർ നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഹിമാചൽ പ്രദേശിലെ സത്‌ലജ് നദിയിൽ കാണാതായ വെട്രി ദുരൈസാമിയുടെ (45) മൃതദേഹം കണ്ടെത്തി. അപകടം നടന്ന് എട്ടാം ദിവസമാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ ഡ്രൈവറും മരിച്ചിരുന്നു. ചെന്നൈ മുൻ മേയർ സെയ്ദെ ദുരൈസാമിയുടെ മകനാണ് വെട്രി. മകനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സെയ്ദെ ദുരൈസാമി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അപകടസ്ഥലത്തുനിന്നും രണ്ടു കിലോമീറ്ററോളം മാറി സ്കൂബ ഡൈവർമാരാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം നദിയിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നുവെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെട്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
അപകട സ്ഥലത്തെ പാറയിൽനിന്നു ലഭിച്ച രക്തക്കറ ഉൾപ്പെടെ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താൻ തയാറെടുക്കവേയാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്. വെട്രിയുടെ പിതാവ് സെയ്ദെ ദുരൈസാമി ഉടൻ തന്നെ ഹിമാചലിലേക്കു പോകും. പോസ്റ്റ്‌മോർട്ടത്തിനുശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങി ചെന്നൈയിലേക്കു കൊണ്ടുവരുമെന്നാണു വിവരം.
വിനോദയാത്രയ്ക്കിടെ ഞായറാഴ്ചയാണ് ദുരൈസാമിയുടെ മകൻ വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് 200 മീറ്ററോളം താഴ്ചയിൽ നദിയിലേക്കു വീണത്. ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഗോപിനാഥ്, ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രദേശവാസിയായ ഡ്രൈവറുടെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, വെട്രി ദുരൈസാമിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കനത്ത മൂടൽമഞ്ഞും കുറഞ്ഞ താപനിലയും തിരച്ചിൽ ദുഷ്കരമാക്കുന്നതായി ഹിമാചൽ പ്രദേശ് പൊലീസ് അറിയിച്ചിരുന്നു. പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദുരൈസാമി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും എട്ടാം ദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു.