Share this Article
image
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേരുകളിൽനിന്ന് ഇന്ദിരാ ഗാന്ധിയും നർഗീസ് ദത്തും പുറത്ത്
വെബ് ടീം
posted on 13-02-2024
1 min read
National Film Awards: Centre drops names of Indira Gandhi, Nargis Dutt from categories

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ‌ ഒഴിവാക്കി. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി മുതൽ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു നര്‍ഗീസ് ദത്തിന്റെ പേരിൽ സമ്മാനിച്ചിരുന്നത്. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം. 

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ കാലോചിത പരിഷ്കാരങ്ങൾ വരുത്തുന്നതിനായി വാർത്താവിതരണ മന്ത്രാലയം അഡീഷനൽ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് പ്രിയദർശൻ ഉൾപ്പെട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിച്ചു. 70–ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങൾ‌ വ്യക്തമാക്കിയത്.

ചലച്ചിത്ര പുരസ്കാരങ്ങളുടെ തുകയിലും ഇത്തവണ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്കാര തുക നേരത്തേ സംവിധായകനും നിർമാതാവും പങ്കിടുന്ന പതിവായിരുന്നു. ഇനി മുതൽ സംവിധായകനു മാത്രമാകും തുക ലഭിക്കുക. സിനിമാരംഗത്തു നൽകുന്ന പരമോന്നത പുസ്കാരമായ ബാബാ സാഹിബ് ഫാൽക്കേ പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തിൽനിന്ന് 15 ലക്ഷമായി ഉയർത്തി. മികച്ച സംവിധായകൻ, ചലച്ചിത്രം എന്നിവയ്ക്കു നൽകുന്ന സ്വർണകമലം പുരസ്കാരത്തുക എല്ലാവിഭാഗത്തിലും 3 ലക്ഷം രൂപയാക്കി. രജതകമലം പുരസ്കാരങ്ങള്‍ക്ക് 2 ലക്ഷം രൂപയുമാക്കി പരിഷ്കരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories