ചാവർകോട് റബർ തോട്ടത്തിൽ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ. ചാവർകോട് ഗംഗാലയം വീട്ടിൽ അജിത് ദേവദാസിന്‍റെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഇരുപത് ദിവസത്തിലധികം മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി റബ്ബർ തോട്ടത്തിന് സമീപത്തെ കശുമാവിൻ ചുവട്ടിൽ മൃതദേഹം കാണപ്പെട്ടത്. ജീർണിച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എങ്ങനെ മരണം സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. കൊലപാതകമാണോ എന്നതുൾപ്പെടെ അന്വേഷിച്ചു വരികയാണെന്ന് പാരിപ്പള്ളി പൊലീസ് അറിയിച്ചു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അജിത്തിനെതിരെ ഏറെ നാൾ മുൻപ് പാരിപ്പള്ളി പൊലിസിൽ പരാതി ലഭിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.