കൊച്ചി: എക്സൈസിൻ്റെ സ്പെഷ്യൽ ഡ്രൈവിൽ 23 ദിവസത്തിനിടെ 667 നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) കേസുകൾ രജിസ്റ്റർ ചെയ്തു. ഡിസംബർ 9 മുതൽ 31 വരെയുള്ള 23 ദിവസമാണ് സംസ്ഥാന വ്യാപകമായി എക്സൈസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. കേസുകളിൽ ഇതുവരെ 661 പേരാണ് അറസ്റ്റിലായത്.
ക്രിസ്മസ്-ന്യൂ ഇയർ ദിവസങ്ങളിൽ സംസ്ഥാനത്തെ ലഹരിക്കേസുകളിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ അറസ്റ്റുണ്ടായത് എറണാകുളം ജില്ലയിലാണ്, 80 പേർ. കോട്ടയത്ത് 78 പേരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ എണ്ണത്തിൽ ഏറ്റവും കുറവ് കാസർഗോഡാണ്, 7 പേർ.
സ്പെഷ്യൽ ഡ്രൈവിൽ ആകെ 257. 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ എംഡിഎംഎ പിടിച്ചെടുത്തത് വയനാട്ടിലാണ്, 172.32 ഗ്രാം. തിരുവനന്തപുരത്ത് 76.955 ഗ്രാമും പിടിച്ചെടുത്തു.
ആകെ 220.6 കിലോഗ്രാം കഞ്ചാവും പിടികൂടി.113.605 കിലോഗ്രാം പിടികൂടിയ എറണാകുളം ഒന്നാമനും, 32.938 കിലോഗ്രാം പിടികൂടിയ പാലക്കാട് രണ്ടാമനുമാണ്.
ഇടുക്കിയിൽ നിന്ന് മാത്രം 2002.373 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചു. എറണാകുളത്തുനിന്ന് 10.505 ഗ്രാം ഹെറോയിനും പിടികൂടിയിട്ടുണ്ട്. എക്സൈസ് മന്ത്രിയുടെ നിർദ്ദേശത്തിൽ എക്സൈസ് കമ്മീഷണറാണ് സ്പെഷ്യൽ ഡ്രൈവിന് ഉത്തരവിറക്കിയത്. സമാനരീതിയിൽ പരിശോധന തുടരാനാണ് തീരുമാനം.