കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി കണ്ട് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് പ്രതികളെ കണ്ട ശേഷം മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അവര്‍ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്. അതില്‍ മറിച്ചൊരു അഭിപ്രായമില്ല. ഇനിയും കോടതിയുണ്ടല്ലോ. അവരെ കാണാന്‍ തന്നെയാണ് കോടതിയില്‍ എത്തിയത്. അപ്പീല്‍ നല്‍കുന്ന കാര്യം കാസര്‍കോട്ടെ പാര്‍ട്ടി തീരുമാനിക്കും' സിഎന്‍ മോഹനന്‍ പറഞ്ഞു.
കേസിൽ പൊലീസ് കണ്ടെത്തിയതിനപ്പുറമൊന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ കോട്ടയത്ത് പറഞ്ഞു. പാര്‍ട്ടി ഗൂഢാലോചനയില്‍ ഉണ്ടായ കൊലപാതകം അല്ലെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. എന്നാല്‍ തുടക്കം മുതല്‍ സിപിഎം ഗുഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ശ്രമിച്ചത്. വിധി ന്യായങ്ങള്‍ പരിശോധിച്ച് മറ്റ് ഉയര്‍ന്ന കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. രാഷ്ട്രീയമായ ലക്ഷ്യത്തോടെ സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.