കേരളത്തില്‍ മുല്ലപ്പൂവിന് തീ വില. മുല്ലപ്പൂ കിലോയ്ക്ക് 4000 രൂപയായി ഉയര്‍ന്നു. കടുത്ത മഞ്ഞുവീഴ്ച മൂലം പൂക്കളുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിലവര്‍ധനയ്ക്ക് കാരണമായത്.
തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. നവ വധുവിന്റെ കാര്‍കൂന്തല്‍ അലങ്കരിക്കാന്‍ ഇന്നും മുല്ലപ്പൂവിന് പകരം വെല്ലാന്‍ മറ്റ് പൂക്കളില്ല. വിവാഹ സീസണും ആഘോഷ കാലവും ആയതിനാല്‍ ഡിമാന്‍ഡും കൂടി. വരും ദിവസങ്ങളില്‍ ഇനിയും മുല്ലപ്പൂവിന് വില വര്‍ധിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം കാരണം ഉല്‍പാദനം കുറഞ്ഞതോടെ മുല്ലപ്പൂവിന്റെ വില കുതിക്കുന്നതെന്നും ഇത് കച്ചവടത്തെ വളരെയധികം ബാധിച്ചെന്നും ഗുരുവായൂര്‍ ശ്രീകൃഷ്ണ ഫ്‌ലവേഴ്‌സ് ആന്‍ഡ് ഇവന്‍സ് ഉടമ അജിത്ത് ഗുരുവായൂര്‍ പറഞ്ഞു.
ഗുരുവായൂരില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ 70മുതല്‍ 80 രൂപ വരെ നല്‍കിയാണ് അര മീറ്റര്‍ പൂ വാങ്ങിക്കുന്നത്. തമിഴകത്തെ മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂവ് ഡിണ്ടിഗല്‍, മധുര, മൈസൂര്‍ , നെലക്കോട്ട, ശങ്കരന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.
ഡിസംബര്‍ മാസം തുടക്കം തന്നെ തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി പെയ്ത മഴയിലും ചുഴലികാറ്റിലും മുല്ലപ്പൂ കൃഷി നശിച്ചു. ഇതും മുല്ലപ്പൂവിന്റെ വില കൂട്ടാന്‍ കാരണമായി. ധനു,മകര മാസത്തില്‍ മഞ്ഞിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നതിനാല്‍ മുല്ലപ്പൂവിന് ഇനിയും വില കൂടാനാണ് സാധ്യത.