കൊച്ചി: തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂർ. മാസങ്ങള്‍ക്ക് മുൻപാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു.
കുറച്ചു മാസങ്ങൾക്ക് മുൻപ് ‘‘ ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്. ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ കേസ് കൊടുത്തു എന്നറിഞ്ഞു. തെറ്റായ ഉദ്ദേശ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. കുന്തീദേവി എന്നു പറഞ്ഞാൽ അതിൽ മോശമായ കാര്യമൊന്നും ഇല്ല. കുന്തീദേവി എന്നു പറഞ്ഞതിൽ ദ്വയാർഥമുണ്ടെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ചടങ്ങിൽ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി കൊടുക്കാൻ കാരണമെന്ന് അറിയില്ല. തെറ്റിദ്ധരിച്ചായിരിക്കും പരാതി എന്നും ബോബി ചെമ്മണൂർ പറഞ്ഞു.