ബംഗളുരു: പത്താം ക്ലാസ് വിദ്യാർത്ഥിനി അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചത് മൊബൈൽ ഉപയോഗം കുറയ്ക്കാൻ ശാസിച്ചതിനു പിന്നാലെയെന്ന് റിപ്പോർട്ട്. അതേ സമയം വിദ്യാർത്ഥിനി ജീവനൊടുക്കിയത് മാതാപിതാക്കൾ ശാസിച്ചതിന് പിന്നാലെയെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ബംഗളുരുവിന് സമീപം കടുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏതാനും ദിവസം മുമ്പ് സംഭവം നടന്നത്.
വൈറ്റ്ഫീൽഡിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയായ അനന്തിക ചൗരസ്യ (15) ആണ് മരിച്ചത്.മദ്ധ്യപ്രദേശ് സ്വദേശിനിയായ കുട്ടിയുടെ അച്ഛൻ ബംഗളുരുവിൽ എഞ്ചിനീയറാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം അപ്പാട്ട്മെന്റിൽ കഴിഞ്ഞിരുന്ന കുട്ടിയ്ക്ക് അടുത്തിടെ കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറവായിരുന്നത്രെ. കുട്ടി അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് മാർക്ക് കുറയാൻ കാരണമെന്ന് പറഞ്ഞ് മാതാപിതാക്കൾ ശാസിച്ചു.
ഈ മാസം തന്നെ നടക്കാനിരിക്കുന്ന മറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി മൊബൈൽ ഫോൺ ഉപയോഗം വിലക്കുകയും ചെയ്തിരുന്നു. പോലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.