വേനൽക്കാലത്ത് ചൂടു വർധിക്കുന്നത്തോടെ കർഷകരുടെ മനസ്സിൽ കനലെരിയുകയാണ്. കാസർഗോഡ്,കരിന്തളം പാറയിലെ സുരേന്ദ്രൻ്റെ കുലച്ച് തുടങ്ങിയ ആയിരക്കണക്കിന് നേന്ത്രവാഴകൾ ഒടിഞ്ഞു വീണത്. കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നിലെന്നാണ് ഉയരുന്ന ആക്ഷേപം.
കാലാവസ്ഥാ വ്യതിയാനവും വിളകളുടെ രോഗബാധയുമെല്ലാം ഇരുട്ടിലാക്കുന്നത് രാവന്തിയോളം മണ്ണിൽ വിയർപ്പൊഴുക്കുന്ന സാധാരണക്കാരായ കർഷകരെയാണ്. പാട്ടത്തിനെടുത്തും കടം വാങ്ങിയും കൃഷിയിറക്കുന്ന ഭൂമിയിൽ ഇവരുടെ കണ്ണുനീരിൻ്റെ ഉപ്പു കൂടി കലരുന്നുണ്ട്.
കൊടുംവേനലിനെ തുടർന്ന് അഞ്ചേക്കറിലെ വാഴക്കൃഷി നശിക്കാൻ തുടങ്ങിയതോടെ കരിന്തളം പാറയിലെ കർഷകനായ സുരേന്ദ്രൻ്റെ ജീവിതത്തിലും ഇരുട്ട് പരന്നു. കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്രത്തിൻ്റെ അഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്ത് രണ്ടര ലക്ഷത്തോളം രൂപ മുടക്കിയാണ് സുരേന്ദ്രൻ കൃഷിയിറക്കിയത്.
എന്നാൽ കുലച്ച വാഴകൾ മൂപ്പെത്തും മുമ്പ് ഒടിഞ്ഞ് വീഴുകയാണ്. ആവശ്യത്തിന് ജലസേചനം നടത്തുന്നുണ്ടെങ്കിലും കൊടും വേനൽ താങ്ങാനാകാതെ വന്നതോടെയാണ് വാഴകൾ ഇത്തരത്തിൽ ഒടിഞ്ഞു വീഴുന്നത്. ഇതോടെ സുരേന്ദ്രൻ്റെ പ്രതീക്ഷകളും തകർന്നു.
62 കാരനായ സുരേന്ദ്രൻ പതിനാറ് വർഷമായി കൃഷി ചെയ്യുന്നു. കഴിഞ്ഞ തവണ പച്ചക്കറിയാണ് കൃഷി ചെയ്തത്. ഇതിന് കൃഷി വകുപ്പിൽ നിന്നും സബ്സിഡിയൊന്നും ലഭിച്ചില്ലെങ്കിലും മുടക്കുമുതൽ തിരികെ കിട്ടിയിരുന്നു. ഇത്തവണ ആയിരത്തോളം നേന്ത്രവാഴകൾ നട്ടു.
കിനാനൂർ കരിന്തളം സർവീസ് സഹകരണ ബാങ്ക്, ജില്ലാ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ വായ്പയെടുത്തായിരുന്നു കൃഷിയിറക്കിയത്. കൃഷി നഷ്ടത്തിലായതോടെ വായ്പ തിരിച്ചടവും മുടങ്ങി. ഏതെങ്കിലും തരത്തിലുള്ള സർക്കാർ ധനസഹായം പ്രതീക്ഷിച്ച് കൃഷി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അവരും കൈമലർത്തി.
നാടൻ പണികൾ കുറഞ്ഞ് തുടങ്ങിയതോടെയാണ് ജീവിതമാർഗമെന്ന നിലയിൽ കൃഷിയിലേക്ക് കടന്നതെന്ന് സുരേന്ദ്രൻ പറയുന്നു. എന്നാൽ കൃഷിയും ചതിച്ച് തുടങ്ങിയതോടെ പ്രതീക്ഷയുടെ വഴികളെല്ലാം അടഞ്ഞു. കർഷകരെയി കൂടുതൽ പദ്ധതികൾ നടപ്പാക്കണമെന്നും കാലാവസ്ഥ വ്യതിയാനം മൂലം കൃഷിനാശം നേരിടുന്ന കർഷകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കണം.