കൊച്ചി: ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ രണ്ടേകാല്‍ പവന് തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി കുറുമാരി(26)യെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം നോര്‍ത്ത് പരമാര ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ മാലയാണ് കുറുമാരി മോഷ്ടിച്ചത്. ഇവരുടെ കൂട്ടാളിയായ തമിഴ്നാട് സ്വദേശി കൗസല്യക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍കാവ് സ്വദേശിനിയുടെ മാലയാണ് മോഷ്ടിച്ചത്.
ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ തമിഴ് യുവതിയും സംഘവും കൃത്രിമമായി തിരക്കുണ്ടാക്കി മാല അപഹരിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് 2019 ഒക്ടോബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു പവന്റെ സ്വര്‍ണമാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.