വീട്ടിലെ ഊണിന്റെ എല്ലാ ഗൃഹാതുരതയും വിളമ്പിയ കുടുംബശ്രീ അടുക്കള ഇന്ന് മുതല്‍ ഉച്ച ഭക്ഷണം അരികിലെത്തിക്കും. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ആപ്പായ പോക്കറ്റ് മാര്‍ട്ട് വഴിയാണ് ലഞ്ച് ബെല്‍ എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ പത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിര്‍വഹിക്കും
അമ്മയുടെ ഊണാണ് കുടുംബശ്രീ കഫേകളിലെ രുചി ഹിറ്റടിക്കാന്‍ കാരണം. മക്കള്‍ക്ക് വിളമ്പുന്ന അതേ സ്‌നേഹത്തില്‍ അന്നം വിളമ്പി. കുടുംബശ്രീ ഊണ് ഇനി ചൂടോടെ അരികിലെത്തും. ഉച്ചഭക്ഷണം അരികിലെത്തിക്കുന്ന ലഞ്ച് ബെല്‍ പദ്ധതി തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി നടപ്പിലാക്കുന്നത്.
ശ്രീകാര്യത്തെ ക്ലൗഡ് കിച്ചന്‍ സംവിധാനത്തിലൂടെയാണ് ഊണ് തയ്യാറാക്കുക. ആദ്യദിനം അഞ്ഞൂറ് പേര്‍ക്കുള്ള ഊണാണ് തയ്യാറാക്കുക. ആദ്യഘട്ടത്തില്‍ ഓഫീസുകളിലുള്ളവര്‍ക്കും വിവിധ സ്ഥാപനങ്ങളിലുള്ളവര്‍ക്കും പോക്കറ്റ് മാര്‍ട്ട് ആപ് വഴി ഊണ് ബുക്ക് ചെയ്യാം.
സെക്രട്ടേറിയേറ്റ്, വികാസ് ഭവന്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, നിയമഭ മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വിതരണം. അടുത്ത ഘട്ടത്തില്‍ ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളം ജില്ലയിലും പദ്ധതി നടപ്പിലാക്കും.ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഒഴിവാക്കിയതിനാലാണ് സ്‌കൂള്‍ ഗൃഹാതുരതയില്‍ സ്റ്റീല്‍ പാത്രങ്ങളില്‍ ഊണ് വിതരണം ചെയ്യുക.
രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്‌സ് തിരികെ കൊണ്ടു പോകാന്‍ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക. സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്‌സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും.
തലേ ദിവസം രാത്രി മുതല്‍ രാവിലെ ഏഴുവരെ ഊണിന് ഓര്‍ഡര്‍ സ്വീകരിക്കുക. നോണ്‍ വെജ് ഊണിന് 99 രൂപയും പച്ചക്കറിയൂണിന് 60 രൂപയുമാണ് വില. അടിമുടി ഹരിതചട്ടത്തിലാണ് ഊണ് ഒരുങ്ങുന്നത്. രുചിയും ഗുണവും ഏറെയുണ്ട് ലഞ്ച് ബെല്‍ മുഴക്കി എത്തുന്ന ഊണിനെന്നും കുടുംബശ്രീ അവകാശപ്പെടുന്നുണ്ട്.