Share this Article
image
തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയില്‍ തുടര്‍ച്ചയായി തമ്പടിച്ച് കാട്ടാനക്കൂട്ടം

A herd of wildelephants has been continuously camping in the residential area of ​​Palappilly, Thrissur

തൃശൂർ പാലപ്പിള്ളിയിലെ ജനവാസ മേഖലയിൽ തുടർച്ചയായി തമ്പടിച്ച് കാട്ടാനക്കൂട്ടം. ഇന്ന് വിവിധയിടങ്ങളിലായി 37 കാട്ടാനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. അതേ സമയം അതിരപ്പള്ളിയിൽ അവശനിലയിൽ കണ്ട കാട്ടാന ആരോഗ്യം വീണ്ടെടുത്തു..

രാത്രി കാലങ്ങളിൽ കാടിറങ്ങുന്ന കാട്ടനകളാണ് പാലപ്പിള്ളിയിൽ ജനവാസ മേഖലകളിൽ തുടർച്ചയായി നിലയുറപ്പിക്കുന്നത്. ഇന്ന് മൂന്ന് കൂട്ടങ്ങളിലായാണ് കാട്ടനകൾ ജനവാസ മേഖലയിൽ തമ്പടിച്ചത്. എസ്റ്റേറ്റിൽ തമ്പടിച്ച ഒരു കാട്ടാനകൂട്ടം ഏഴ് മണിയോടെ റോഡ് മുറിച്ച് കടന്നു. ഈ സമയം റോഡിനപ്പുറത്തെ തോട്ടത്തിൽ തൊഴിലാളികൾ പണിയെടുക്കുന്നുണ്ടായിരുന്നു. മറ്റൊരു ഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ശ്രമിച്ചതിന് ശേഷമാണ്  കാട് കയറ്റാനായത്.

ഇതേ സമയം തന്നെ കൊമ്പൻമാർ മാത്രം അടങ്ങുന്ന 11 അംഗ സംഘം എസ്റ്റേറ്റിൽ വീടുകളുടെ സമീപത്തേക്കുമെത്തി. സാധാരണ ഈ മേഖലയിൽ കാണാത്ത കാട്ടാന കൂട്ടമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സംഘത്തെയും വനം വകുപ്പ് കാട് കയറ്റി. കഴിഞ്ഞ 2 മാസത്തിനിടയിൽ 2 തൊഴിലാളികൾക്കാണ് പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമാണ്. അതിനിട് മേഖലയില്‍ പുലി ശല്യവും രൂക്ഷമാണ്.

6 തവണ പുലിയിറങ്ങി പശുക്കളെ കടിച്ച് കൊന്നു. അതേ സമയം അതിരപ്പിള്ളി വെറ്റിലപ്പാറയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ആരോഗ്യം വീണ്ടെടുത്തു. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ഒറ്റയാൾ തീറ്റ എടുത്ത് തുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories