തെരഞ്ഞെടുപ്പുകാലത്ത് വീറും വാശിയും ഉള്ള പ്രചരണത്തിന് പല മാർഗങ്ങളും അണികള്‍ തിരഞ്ഞെടുക്കും. എന്നാൽ ഈ തെരഞ്ഞെടുപ്പ് കാലത്തെ താരം നിയോൺ ലൈറ്റുകളാണ്. പല വലിപ്പത്തിൽ നിയോൺ ലൈറ്റുകളിൽ തീർത്ത പാര്‍ട്ടി ചിഹ്നങ്ങൾ പ്രചാരണത്തിന് ഇന്ന് മുഖ്യ പങ്കുവഹിക്കുന്നുണ്ട്.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ വിസ്മയക്കാഴ്ച ഒരുക്കുകയാണ് ഓരോ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും.. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പുതിയ തരംഗം തൃശ്ശൂര്‍ ഒല്ലൂരിൽ നിന്നുള്ള നിയോൺ പാർട്ടി ചിഹ്നങ്ങളാണ്.
തൃശ്ശൂർ ഒല്ലൂരിലെ 'ജോയല്‍ മാൾ' എന്ന കൊച്ചുകടയിൽ ജിസും കുടുംബവും ചേർന്ന് നിർമ്മിക്കുന്ന നിയോൺ ലൈറ്റുകളാണ് പാർട്ടി ഭേദമില്ലാതെ കേരളത്തിൽ ഇന്ന് അങ്ങോളം ഇങ്ങോളം പ്രകാശം ചൊരിഞ്ഞ് പ്രചാരണം നടത്തുന്നത്. പത്തുവർഷത്തിലധികമായി ക്രിസ്തുമസ് കാലത്ത് നിയോൺ ലൈറ്റുകൾ നിർമ്മിച്ച വിൽപ്പന നടത്തുന്ന ആളാണ് ജിസ്. ഇത്തവണ പരീക്ഷണ അടിസ്ഥാനത്തിലാണ് വിവിധ രാഷ്ട്രീയപാർട്ടികളുടെ ചിഹ്നങ്ങൾ ലിയോൺ ലൈറ്റിൽ നിർമ്മിച്ചത്. സംഭവം ഹിറ്റായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യക്കാരെത്തി.
അരിവാൾ ചുറ്റിക നക്ഷത്രത്തിനാണ് ആവശ്യക്കാറേറെ. എന്നാൽ നിർമ്മിക്കാൻ പ്രയാസം താമരയാണെന്നും ജിസ് പറയുന്നു.ജിസിന് സഹായവുമായി ഭാര്യ അനുവും മക്കളായ ജോയലും ജോഹന്നയും കൂട്ടുണ്ട്.
ഹോൾസെയിൽ 600 രൂപയാണ് ലൈറ്റൊന്നിന് ഈടാക്കുന്നത്. മൂന്നു വലിപ്പത്തിലുള്ള ചിന്ന ലൈറ്റുകൾക്ക് വലുപ്പത്തിനനുസരിച്ച് വിലയിലും വ്യത്യാസം വരും. കോഴിക്കോട് കോട്ടയം കൊല്ലം തുടങ്ങി കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് നിയോൺ ചിഹ്ന ലൈറ്റുകൾ തേടി ആവശ്യക്കാർ എത്തുന്നുണ്ട്.
രാത്രികാല പര്യടനങ്ങളിൽ ഉൾപ്പെടെ ആവേശം വിതറാൻ കഴിയും എന്നതാണ് ആകർഷണം. പ്രചാരണം ചൂടുപിടിക്കുന്നതോടെ ആവശ്യക്കാർ കൂടുമെന്ന് പ്രതീക്ഷയിലാണ് ജിസും കുടുംബവും.