കണ്ണു തുറക്കാത്ത പട്ടിക്കുട്ടികൾക്ക് തുണയായി വിദ്യാർത്ഥികളും നാട്ടുകാരും. കണ്ണൂർ എരിപുരം ട്രാഫിക് സർക്കിളിൽ ഉപേക്ഷിച്ചു പോയ നാല് പട്ടിക്കുട്ടികളെയാണ് നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് മൂന്ന് നേരം ഭക്ഷണം നൽകി പരിചരിക്കുന്നത് .
ഒരു മാസം മുമ്പ് കാർബോർഡ് പെട്ടിയിലാക്കി ട്രാഫിക് സർക്കിളിൽ കണ്ട പട്ടിക്കുട്ടികളെ മനോജ്, അശോകൻ തുടങ്ങിയവർ എടുത്തുമാറ്റി കുപ്പിപ്പാല് നൽകുകയായിരുന്നു. നിത്യവും മൂന്നുനേരം പാൽ നൽകുന്നത് ഇവിടുത്തെ കെട്ടിടത്തിലെ താമസക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയായ റോബനാണ്. ബിസ്ക്കറ്റ് പോലുള്ള ഭക്ഷണം പട്ടിക്കുട്ടികൾ കഴിക്കാൻ തുടങ്ങിയതോടെ നെരുവമ്പ്രം ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥികളും മണ്ടൂർ സ്വദേശികളുമായ അമേഖ്, വിശ്വജിത്ത്, വിധു എന്നിവരും അടുത്തില സ്വദേശിയായ അഭയും ചേർന്ന് പട്ടിക്കുട്ടികൾക്ക് ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണം നൽകുന്നത് പതിവായിരിക്കുകയാണ്.
രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പും വൈകീട്ട് സ്കൂൾ വിട്ടതിനു ശേഷവുമാണ് ഇവർ പട്ടി കുട്ടികൾക്ക് ഭക്ഷണം നൽകുന്നതും അവരോടൊപ്പം ഉല്ലസിക്കുന്നതും. ഭാവിയുടെ വാഗ്ദാനങ്ങൾ ആയ ഈ വിദ്യാർത്ഥികൾക്കുള്ള നന്മയുടെയും ജീവികളോടുള്ള സ്നേഹത്തിന്റെയും ഉദാത്ത മാതൃകയാണ് ഇവിടെ കാണുന്നത്.