Share this Article
കോതമംഗലത്ത് ഇഞ്ചൂരിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
വെബ് ടീം
posted on 06-01-2024
1 min read
MISSING GIRL FOUND

മൂവാറ്റുപുഴ: കോതമംഗലത്ത് ഇഞ്ചൂരിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി.  ചങ്ങനാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി സ്റ്റാന്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കളെ ഏൽപ്പിക്കും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ടാണ് വാരപ്പെട്ടിയിലെ വീട്ടിൽ ആറ് വയസുകാരനായ അനുജനെ തനിച്ചാക്കി പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നും ക്രിസ്മസ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയോട് വിവരങ്ങൾ പൊലീസ് ചോദിച്ചറിയും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories