കൊച്ചി: ആയുര്‍വേദ കമ്പനിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദ്രോണി ആയുര്‍വേദ' എന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയകേസിലാണ് ജീവനക്കാരിയായ കോതമംഗലം തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരെ പിടികൂടിയത്.
അറസ്റ്റിലായ രാജശ്രീ മൂന്നുവര്‍ഷം മുന്‍പാണ് സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. കമ്പനിയില്‍ അക്കൗണ്ട്‌സ്, ടെലിമാര്‍ക്കറ്റിങ് വിഭാഗത്തിലായിരുന്നു രാജശ്രീയുടെ ജോലി. ഓഫീസില്‍ നേരത്തെ വന്ന് വൈകി മാത്രം ജോലികഴിഞ്ഞ് പോകുന്നയാളായിരുന്നു. അത്തരത്തില്‍ പ്രതി വിശ്വാസ്യത നേടിയെടുത്തു. പക്ഷേ, മൂന്നുവര്‍ഷത്തിനിടെ പലതവണകളായാണ് ഇവര്‍ പണം തട്ടിയെടുത്തതെന്നും പരാതിക്കാരൻ പറയുന്നു.
കമ്പനിയില്‍ നന്നായി ബിസിനസ് നടന്നിട്ടും അക്കൗണ്ടില്‍ പണമൊന്നും വന്നിരുന്നില്ല. ബിസിനസ് കൂടിയിട്ടും പണം കാണാത്തതിനാലാണ് ഇക്കാര്യം പരിശോധിക്കാന്‍ തുടങ്ങിയത്. കമ്പനിയിലെ അക്കൗണ്ടിങ് സോഫ്റ്റ് വെയര്‍ പരിശോധിച്ചപ്പോള്‍ അതിലെ കണക്കുകളെല്ലാം കൃത്യമായിരുന്നു. പക്ഷേ, ആ തുകയൊന്നും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നില്ല. അങ്ങനെയാണ് പരിശോധന നടത്തിയത്. ആദ്യം സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്‍ത്ത് ഇക്കാര്യം പറഞ്ഞു. മുഴുവന്‍ രേഖകളും ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ജീവനക്കാരിയുടെ തട്ടിപ്പ് കണ്ടെത്തിയത്'' ഉടമ വിശദീകരിച്ചു.
കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് പുറമേ കമ്പനിയുടെ ഉപഭോക്താക്കളില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയും രാജശ്രീ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കമ്പനിയുടെ പുതിയ ഉപഭോക്താക്കളില്‍നിന്നാണ് ഇത്തരത്തില്‍ പണം തട്ടിയത്. കമ്പനിയുടെ അക്കൗണ്ടെന്ന് പറഞ്ഞ് സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. മാത്രമല്ല, കമ്പനിയില്‍നിന്ന് ചില ആയുര്‍വേദ ഉപകരണങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതായും പരാതിയുണ്ട്.
കമ്പനിയുടെ പണം രാജശ്രീയുടെ മകള്‍ ഡോ.ലക്ഷ്മി നായരുടെ അക്കൗണ്ടിലേക്കും അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലക്ഷ്മി നായര്‍ റഷ്യയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന കാലയളവില്‍തന്നെ ഇത്തരത്തില്‍ പലതവണ പണം മാറ്റിയിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. മകളുടെ ഒരു അക്കൗണ്ടിലേക്ക് 45 ലക്ഷത്തോളം രൂപയാണ് രാജശ്രീ മാറ്റിയത്. മകളുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപയും കൈമാറി. റഷ്യയില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി നായര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് യു.കെ.യില്‍ ജോലിക്കായി പോയത്. അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ വിവാഹവും കഴിഞ്ഞു.