കോഴിക്കോട് പിലാശ്ശേരി പുളിക്കമണ്ണ് കടവ് പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. കുഴിമണ്ണീല്‍ ഷിജുവിന്റെ മകന്‍ അദ്വൈത് (13), മിനി, മിനിയുടെ മകള്‍ ആതിര എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അദ്വൈതാണ് ആദ്യം ഒഴുക്കില്‍പെട്ടത്. അദ്വൈതിനെ രക്ഷിക്കാനായാണ് ബാക്കി മൂന്നുപേരും പുഴയിലേക്ക് ചാടിയത്. അതോടെ നാലുപേരും ഒഴുക്കില്‍പെട്ടു.
ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരി പൊയ്യാം പുളിക്ക മണ്ണ് കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ അദ്വൈത് അപകടത്തിൽപ്പെട്ടതോടെ രക്ഷിക്കാൻ ഇറങ്ങിയവരും ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട അദ്വൈതിൻ്റെ അമ്മ സിനൂജയെ നാട്ടുകാർ രക്ഷപ്പെടുത്തി. സിനൂജയുടെ വീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു മിനിയും ആതിരയും. അദ്വൈത് മുങ്ങിയത് കണ്ട് രക്ഷിക്കാൻ സിനൂജയ്ക്കൊപ്പം പുഴയിൽ ചാടിയതായിരുന്നു ഇരുവരും. എന്നാൽ മിനിയും ആതിരയും ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇവരുടേതും അദ്വൈതിന്റേതും ഉൾപ്പെടെ മൂന്നു മൃതദേഹങ്ങളും നാട്ടുകാരും കുന്നമംഗലം പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഇവ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അദ്വൈതിന്റെ അമ്മ സിനൂജയുടെ നില ഗുരുതരമാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.