തിരുവനന്തപുരം അയിരൂരില്‍ സംശയത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീല മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
50 വയസുള്ള ലീലയാണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ലീലയെ തീകൊളുത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ച അശോകനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പിച്ചു.
വർഷങ്ങൾക്ക് മുൻപ് പക്ഷാഘാതം വന്ന് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നയാളാണ് അശോകന്‍. ലീലയാണ് തൊഴിലുറപ്പ് ജോലിക്ക് പോയി കുടുംബകാര്യങ്ങൾ നോക്കുന്നത്. എന്നാല്‍ ലീലക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നും തന്നെ ഉപേക്ഷിച്ചുപോകുമെന്നുമായിരുന്നു അശോകന്റെ സംശയം. അതിന്റെ പേരില്‍ പലപ്പോഴായി ഉണ്ടായ വഴക്കാണ് ഇന്നലെ രാത്രി ക്രൂരതയില്‍ അവസാനിച്ചത്. മകനും മകളും കൊച്ചുമക്കളും കഴിയുന്ന വീട്ടിലിട്ടാണ് തീകൊളുത്തിയത്.
സംഭവ സമയത്ത് ഇവരുടെ മകളും ചെറുമകളും വീട്ടിൽ ഉണ്ടായിരുന്നു. നിലവിളി ശബ്ദം കേട്ട് ഉണർന്നപ്പോൾ മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണ് കണ്ടതെന്നും അമ്മ മരണ വെപ്രാളത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്നും മകൾ മൊഴി നൽകി.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തീ കെടുത്തി ലീലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.