കോഴിക്കോട്:കേരള രാഷ്ട്രീയ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പകരംവെക്കാനില്ലാത്ത ചരിത്രപുരുഷനെന്ന് മുതിര്‍ന്ന സിപിഎം നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതോ അദ്ദേഹം ചെയ്ത കാര്യങ്ങളെ പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നതോ, ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ന്നുവന്നവനെന്ന് വിലയിരുത്തുന്നതോ തെറ്റാണെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പല പ്രതിസന്ധിഘട്ടത്തിലും പിണറായി കേരളത്തിലെ ജനങ്ങളെ കൈവിടാതെ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തള്ളിപ്പറയാനാവില്ല. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ ഏതെല്ലാം നിലയില്‍ അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇന്നും അത് നടന്നുകൊണ്ടിരിക്കുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് പിണറായി വിജയന്‍ കേരളത്തെ നയിക്കുന്നതെന്നും ഇപി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇപി ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗാനം തയ്യാറാക്കി എന്നതാണ് ഇടതുവിരുദ്ധരുടെ പുതിയ പ്രശ്നം. മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ കേരള രാഷ്ട്രീയ രംഗത്ത് പകരം വെക്കാനില്ലാത്ത ചരിത്ര പുരുഷനാണ്. എല്ലാതരം വേട്ടയാടലുകള്‍ക്കും സോഷ്യല്‍ ഓഡിറ്റിംഗിനും വിധേയനായി രണ്ട് തവണ തുടര്‍ച്ചയായി കേരളത്തിന്റെ ഭരണ സാരഥ്യം അദ്ദേഹത്തിന്റെ കൈകളില്‍ ഏല്പിച്ചത് ജനങ്ങളാണ്. കേരള സമൂഹം അനുഭവിച്ച എല്ലാ പ്രതിസന്ധികളിലും ജനങ്ങളെ ചേര്‍ത്ത് നിറുത്തി ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ലോകശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ തീരുമാനങ്ങള്‍ എടുത്ത് അവ നടപ്പാക്കിയ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതോ അദ്ദേഹം ചെയ്ത കാര്യങ്ങളെ പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നതോ തെറ്റാണെന്ന് കരുതാനാകില്ല.
ഇടതുപക്ഷ നയം കേരളത്തില്‍ നടപ്പാക്കി നാടിനെ ലോകരാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന തരത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തില്‍ വളര്‍ത്തിയെടുക്കുക എന്നത് ചെറിയ കാര്യമായി കാണാനാകില്ല. ആ പാഠവം അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയുമില്ല. പ്രളയ സമയത്തും കോവിഡ് സമയത്തും, വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ സമയത്തുമെല്ലാം ജനങ്ങളെ കൈവിടാതെ എല്ലാവരേയും ഒത്തൊരുമിപ്പിച്ച് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും ഏകോപിപ്പിച്ച് നടപ്പാക്കിയ കാര്യങ്ങളും, അതിനായി മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രിയേയും ജനങ്ങള്‍ രക്ഷകനായി കാണുന്നതിനും ക്യാപ്റ്റനായി കാണുന്നതിനും തെറ്റ്പറയാനാകുമോ. അദ്ദേഹത്തെ ക്രൈസിസ് മാനേജര്‍ എന്ന് വിളിച്ചത് പാര്‍ട്ടിയോ സംഘടനകളോ അല്ല. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട പത്രമാണ് എന്ന് ആരും മറന്ന് പോകരുത്.
മുഴുവന്‍ വലതുപക്ഷ പിന്തിരിപ്പന്‍ വര്‍ഗീയ ശക്തികളുടേയും ഇടതുപക്ഷ സിപിഐഎം വിരുദ്ധത ബാധിച്ച കോര്‍പ്പറേറ്റ് മാധ്യമ സിന്റിക്കേറ്റിന്റേയും ആക്രമണങ്ങളെ അതിജീവിച്ചാണ് സഖാവ് പിണറായി വിജയനെ ജനങ്ങള്‍ രണ്ടാമതും മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തത്. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ ഏതെല്ലാം നിലയില്‍ അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇന്നും അത് നടന്നുകൊണ്ടിരിക്കുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് വന്നത് എന്ന് ജീവനക്കാരുടെ ഒരു വലിയ സമൂഹം വിലയിരുത്തിയാലും വിശേഷിപ്പിച്ചാലും അവരെ തെറ്റ് പറയാന്‍ കഴിയില്ല. ഈ നാട്ടിലെ സകല മുള്ള് മുരിക്ക് മൂര്‍ഖന്‍ പാമ്പുകളുടെയും വേട്ടയാടലുകള്‍ക്ക് നടുവിലും ഈ സംസ്ഥാനത്ത് സഖാവ് പിണറായി വിജയനും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ തുടര്‍ച്ചയായ രണ്ട് ഇടതുപക്ഷ ഗവണ്‍മെന്റുകളും നടപ്പാക്കിയ വികസനങ്ങളെ തള്ളിക്കളയാനാകുമോ?
സാമ്പത്തികമായി ഞെരുക്കി കേന്ദ്രം കേരളത്തിനെതിരെ പോര് തുടരുമ്പോഴും ഈ നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലയിലും നമുക്ക് തൊട്ടറിയാനാകുന്നില്ലേ.. പ്രകടമായ മാറ്റങ്ങള്‍ എല്ലാ രംഗത്തും കാണാനാകുന്നത് ഒരു നയവും ആ നയത്തിനനുസരിച്ച് നയിക്കാന്‍ ആളുകള്‍ ഉള്ളതുകൊണ്ടും അതിനൊരു നേതാവും ഉള്ളതുകൊണ്ടാണ്. പ്രളയകാലം തുടങ്ങി കോവിഡിലും ഉരുള്‍പൊട്ടലിലും രക്ഷകനായ, എല്ലാ പ്രതിസന്ധികളേയും നേരിട്ട്, ക്രൈസിസ് മാനേജ് ചെയ്ത, എല്ലാ വേട്ടയാടലുകള്‍ക്ക് ശേഷവും കുരിശിലേറ്റലുകള്‍ക്ക് ശേഷവും ഉയിര്‍ത്തെഴുന്നേറ്റ് വന്ന ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ കഴിവുകള്‍ വെച്ച് പ്രശംസിക്കുമ്പോള്‍ അതില്‍ അസഹിഷ്ണുതരാവേണ്ട കാര്യമില്ല. ലോകത്ത് എല്ലാ കാലത്തും അതാത് കാലത്തെ സമൂഹത്തിലെ നേതൃത്വത്തെ പ്രശംസിച്ച് പാട്ട് ഉള്‍പ്പടെയുള്ള കലാ സാഹിത്യ രൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലൊന്നും ഇടത് സിപിഐഎം വിരുദ്ധത ബാധിച്ച മാധ്യമങ്ങളുടെ വിചാരണയും തിരുത്തല്‍ പ്രഖ്യാപനങ്ങളൊന്നും ഈ പാര്‍ട്ടിക്ക് ആവശ്യമില്ല. വലത് വര്‍ഗീയ ശക്തികള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയ്ക്കെതിരെയുള്ള പൊള്ളയായ വേട്ടയാടലുകള്‍ മാധ്യമ ധര്‍മ്മത്തിന് യോജിച്ചതല്ല. ഒരു ആത്മ പ്രശംസയുീ ഇഷ്ടപ്പെടുന്ന നേതാവല്ല സഖാവ് പിണറായി വിജയന്‍. ചെയ്ത കാര്യങ്ങള്‍ പാടുന്നതും പറയന്നതും നന്ദി പറയുന്നതുമെല്ലാം നല്ല മനുഷ്യരുടെ ലക്ഷണമാണ്. കേരള ജനതയുട അംഗീകാരം കണ്ട് വിറളി പൂണ്ടവരുടെ ജല്പനങ്ങളും നിരാശാ വാദികളുടെ കരച്ചിലും ജനങ്ങള്‍ തിരിച്ചറിയും.