കൊച്ചി: നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്ക് ആണ് സസ്പെൻഷൻ. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയവെ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി പി അജയകുമാർ ജയിലിലെത്തുകയും സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയും ചെയ്തു എന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ചട്ടങ്ങൾ ലംഘിച്ചുള്ള നടപടി ആയതിനാലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.
ഒരു തൃശ്ശൂര്‍ സ്വദേശി ഉൾപ്പെടെ മൂന്ന് വി.ഐ.പികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.