Share this Article
Union Budget
വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പത്തിന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; റിയല്‍ ടൈം മോണിറ്ററിങ് സംവിധാനവും കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് നോട്ടീസും
വെബ് ടീം
2 hours 41 Minutes Ago
1 min read
wayanad

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പത്തിന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വനംവകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കല്‍, സന്നദ്ധ പ്രതികരണ സേന രൂപീകരിക്കല്‍, പരമ്പരാഗത അറിവുകള്‍ ഉപയോഗപ്പെടുത്തല്‍, ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളില്‍ തന്നെ ഉറപ്പുവരുത്തല്‍, നാടന്‍ കുരങ്ങുകളുടെ ശല്യം തടയല്‍, കാട്ടുപന്നിയുടെ ശല്യം തടയല്‍, പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍, മനുഷ്യ-വന്യമൃഗ സംഘര്‍ഷം തടയുന്നതിനുള്ള ഗവേഷണം, പഠനം, സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കല്‍, ജനങ്ങള്‍ക്ക് അവബോധം നല്‍കല്‍ എന്നിവയാണ് പത്തിന പദ്ധതികള്‍.

വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുവാന്‍ തീരുമാനിച്ചു. വനത്തിലൂടെ കടന്നുപോകുന്ന റോഡുകള്‍ക്കിരുവശവും അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ നിര്‍ദേശം നല്‍കി. വേനല്‍കാലത്തു വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.

ജനവാസ മേഖലകള്‍ക്ക് അരികില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍ ടൈം മോണിറ്ററിങ് സംവിധാനം ഏര്‍പെടുത്തും. സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്ന 28 റാപിഡ് റെസ്പോണ്‍സ് ടീമുകള്‍ക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ അടിയന്തരമായി തുടര്‍ നടപടികളെടുക്കും. വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍ രാത്രിയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories