വാഹനാപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ റോഡ് യൂസേഴ്‌സ് ആക്ട് എന്ന പുതിയ നിയമം കൊണ്ടുവരാന്‍ ഗതാഗതവകുപ്പ് നീക്കം തുടങ്ങി. അപകട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അലക്ഷ്യമായി റോഡ് ഉപയോഗിക്കുന്ന കാല്‍നടയാത്രക്കാര്‍ കൂടിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത് നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.
റോഡപകടങ്ങളുമായി ബന്ധപ്പെട്ട് കാല്‍നടക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെക്കൂടി പ്രതിയാക്കുന്ന വിധത്തില്‍ പുതിയ നിയമം വേണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.നാഗരാജുവിന്റെ റിപ്പോര്‍ട്ട്. അപകട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അലക്ഷ്യമായി റോഡ് ഉപയോഗിക്കുന്ന കാല്‍നടയാത്രക്കാര്‍ കൂടിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഡിവൈഡറുള്ള നാലുവരിപ്പാതകള്‍, ഫുട്പാത്തുള്ള റോഡുകള്‍ എന്നിവിടങ്ങളിലായിരിക്കും നിയമം ബാധകമാക്കുക. നിലവില്‍ നിരത്തില്‍ പിഴ ഈടാക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ്. അത് കാല്‍നടയാത്രക്കാര്‍ക്ക് ബാധകമല്ല. അതിനാലാണ് പിഴ ഈടാക്കുന്നതിന് നിയമനിര്‍മ്മാണം വേണ്ടിവരുന്നത്.
സംസ്ഥാനത്ത് റോഡ് യൂസേഴ്‌സ് ആക്ട് എന്നൊരു നിയമം വരികയാണെങ്കില്‍ അതുപ്രകാരം പിഴ ഈടാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം പുഷ് ബട്ടണ്‍ ടു ക്രോസ് മെഷീന്‍ സംവിധാനം ഉണ്ടായിട്ടും വാഹന യാത്രക്കാര്‍ വണ്ടി നിര്‍ത്താന്‍ തയ്യാറാകുന്നില്ലെന്നും സീബ്രാലൈനില്‍ കാത്തു നിന്നാലും വണ്ടി നിര്‍ത്താതെ പോകുന്ന പ്രവണതയാണ് കൂടുതലായി ഉണ്ടാകുന്നതെന്നും യാത്രക്കാര്‍ പറയുന്നു.
എന്നാല്‍ ആദ്യം ബോധവത്കരണവും പിന്നീട് നടപടികളിലേക്കും കടക്കാന്‍ കഴിയുന്ന വിധത്തില്‍ നിയമം വേണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ആവശ്യം. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും തമ്മില്‍ പ്രാഥമിക ചര്‍ച്ച നടന്നിരുന്നു. ഗതാഗതവകുപ്പിന്റെ പക്കലുള്ള റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയ്ക്കു വിടാനാണ് തീരുമാനം.