തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന നീലട്രോളി വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതിയംഗം എൻ.എൻ. കൃഷ്ണദാസിനെതിരെ നടപടി.പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചരണം യോജിപ്പോടെ മുന്നോട്ട് പോകേണ്ട സമയത്തായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണമെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവനയെന്നും എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
'തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. പ്രശ്നങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് വ്യത്യസ്തമായാണ് എന്‍എന്‍ കൃഷ്ണദാസില്‍നിന്ന് ഉണ്ടായ പ്രതികരണം. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. എൻ.എൻ. കൃഷ്ണദാസിന്റെ പ്രതികരണം പരസ്യമായി വന്നതുകൊണ്ടാണ് പരസ്യമായ താക്കീത് നൽകുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കി. മഞ്ഞപ്പെട്ടിയും നീലപ്പെട്ടിയും വലിച്ചെറിയണമെന്നും ജനകീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നുമായിരുന്നു കൃഷ്ണദാസിൻ്റെ പ്രസ്താവന. ട്രോളിബാഗ് വിവാദത്തില്‍ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വം ആരോപണങ്ങള്‍ ശക്തമാക്കവെയായിരുന്നു പാര്‍ട്ടിയെ വെട്ടിലാക്കികൊണ്ട് കൃഷ്ണദാസ് രംഗത്ത് വന്നത്.