കൊച്ചി കടമക്കുടിയിലെ ഇരുപതോളം കലാകാരന്മാരുടെ കൂട്ടായ്മയാണ് കാക്ക. ഇവർ അവതരിപ്പിച്ച 'കാകം' 2023 കാണികൾക്ക് പുതിയ അനുഭവമായിരിക്കുകയാണ്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ മുറിക്കൽ ദ്വീപിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.
കടമക്കുടിയിലെ മുറിക്കൽ എന്ന ദ്വീപിനെക്കുറിച്ച് വിശദമായ ഡോക്യുമെൻ്ററിയാണ് എടത്തല അൽ അമീൻ കോളേജ് ബിവോക്ക് സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. ദ്വീപിലെ ജീവിതവും ബുദ്ധിമുട്ടുകളും പ്രത്യേകതകളും എല്ലാം ഡോക്യുമെൻ്ററി വിവരിക്കുന്നു. എം പി ഹൈബി ഈഡനാണ് കാകം 2023 എന്ന പരിപാടി ഉദ്ഘാടനം ചെയ്തത്.
കടമക്കുടിയെക്കുറിച്ചുള്ള ഗാനമായിരുന്നു കലാകാരന്മാരുടെ ആദ്യ അവതരണം. ഗ്രാമത്തിൻ്റെ സവിശേഷതകൾ വർണ്ണിക്കാൻ ഗാനരചയിതാവും അൽ അമീൻ കോളേജിലെ അസിസ്റ്റന്റ് മലയാളം പ്രൊഫസറുമായ എ. എൻ ഷെല്ലിക്ക് കഴിഞ്ഞു. ജോബി പ്രിമോസാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. കടന്നാൽ കുടുങ്ങി എന്ന പ്രയോഗമാണ് കടമക്കുടി എന്ന പേരിന് പിന്നിൽ എന്ന് നാട്ടുകാർ പറയുന്നു. കടമക്കുടി എന്ന ഗ്രാമത്തെകുറിച്ച് പുറത്തുള്ള ആളുകൾക്ക് കൂടുതൽ മനസ്സിലാക്കി കൊടുക്കുക എന്നതാണ് കാകം കൂട്ടായ്മയുടെ ലക്ഷ്യം.